Wednesday, October 20, 2010

Snehathin Paadheyam

സ്നേഹത്തിന്‍ പാഥേയം...

കരയാന്‍ മറന്ന എന്‍റെ കണ്ണുകളും , ചിരിക്കാന്‍ മറന്ന എന്‍റെ ചൊടികളും, മിടിക്കാന്‍ മറന്ന എന്‍റെ ഹൃദയവും ആരെയോ കാത്തിരുന്നു.... നിമിഷങ്ങള്‍  യുഗങ്ങളായി.... പ്രഭാതങ്ങള്‍ നിരാശ തന്‍  രേഖാചിത്രങ്ങളായി.... സായാന്ഹങ്ങള്‍ ദുഖത്തിന്‍ അരങ്ങായി... പാല്‍നിലാവു  പൊള്ളുന്നൊരു കനലായി.... രാവിന്‍റെ നിശബ്ദ സംഗീതത്തില്‍ എന്‍റെ ചേതനയറ്റ ആത്മാവും നിശ്ചലമായി...  ഭൂമിയിലെ വേദനയെല്ലാം ഞാന്‍ എന്‍റെ മനസ്സിന്‍റെ കല്ലറയില്‍ കുഴിച്ചു മൂടി..... ഒരായിരം നെടുവീര്‍പ്പുകളും വിതുമ്പലുകളും അശ്രുകണങ്ങളും ആരോരും തേടാത്തൊരു മണിച്ചിത്രത്താഴിട്ടു പൂട്ടി.. മൂടിവച്ച മുറിവുകള്‍ തന്‍ വിഴുപ്പു ഭാണ്ഡം തണുത്തുറഞ്ഞ് ഒരു മഞ്ഞു മലയായി...   യാതനകള്‍ പേറിയെന്‍ മേനിയുമൊരു ജടമായി....

ജീവശവമായ എന്‍റെ മനസ്സിന്‍റെ ഒരു കോണില്‍, ആ മഞ്ഞുള്ള രാത്രിയില്‍ ആരോരുമറിയാതെ നീ വന്നു കൂട് കൂട്ടി.. നീ ഒരു മിന്നാമിനുങ്ങായി എന്‍റെ ഹൃദയത്തില്‍ പ്രത്യാശ തന്‍ ദീപം തെളിയിച്ചു.. നിന്‍റെ സ്നേഹത്തിന്‍ ജ്വാലയില്‍, മൂടിവച്ച ദുഖത്തിന്‍ മഞ്ഞു മലകള്‍ അലിഞ്ഞുരുകി.... എല്ലാം ഒരു മഴ പോലെ പെയ്തൊടുങ്ങി...  നിന്‍റെ മൃദു സ്പര്‍ശത്താല്‍ എന്‍റെ പ്രഭാതങ്ങള്‍ കറുത്ത മൂടുപടം പകുത്തു മാറ്റി ആശയുടെ അരുണോദയങ്ങളെ വരവേറ്റു തുടങ്ങി ...  ഇടനാഴികള്‍ ഇരുട്ടിന്‍റെ തിരശീല നീക്കി  പ്രകാശഭരിതമായി... ദുഖത്തിന്‍ നിഴലുകള്‍ സ്വപ്നങ്ങളുടെ നിറക്കൂട്ടുകള്‍ക്ക് വഴി മാറി... ചൊടികളില്‍ പുഞ്ചിരിയുടെ പൂച്ചെണ്ട് വിരിഞ്ഞു... എന്‍റെ പാദസരങ്ങള്‍ പൊട്ടിച്ചിരിച്ചു... തരിവളകള്‍ ആടി തിമിര്‍ത്തു... എന്‍റെ വിരലുകള്‍ നിന്‍റെ വിവാഹ മോതിരത്തിനായി അണിഞ്ഞൊരുങ്ങി... ഞാനും നാണത്തില്‍ മൂടിയ നിന്‍ മണവാട്ടിയായി....

എന്‍റെ മുറ്റത്തെ മുല്ലയും ഇന്ന് പൂത്തു... നിശാഗന്ധികള്‍ എനിക്കായി കാത്തുനില്‍പ്പൂ.... നീ എന്‍റെ പാതയില്‍ പൂത്തുലഞ്ഞ പനിനീര്‍ പൂക്കളോ.... അതോ എന്‍റെ നീണ്ട തപസ്സിന്‍ സാക്ഷാത്കാരമോ....??!!!! ഏതെന്നറിയില്ല എന്തെന്നറിയില്ല എന്‍ ജന്മ സാഫല്യമേ... ഏകാന്ത പധികയാം എനിക്ക് നീ ഏകിയതു 'സ്നേഹത്തിന്‍  പാഥേയം'...

No comments:

Post a Comment