Tuesday, November 30, 2010

ഊഴവും കാത്ത്

ഏതോ ജോത്സ്യന്‍റെ  കവടികള്‍ തീര്‍ക്കുന്ന
ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കുരുതി കളത്തിലേക്ക്.....

ഓരോ ചുവടിലും മരണം മാടി വിളിക്കുന്ന അറവു മൃഗത്തെ പോലെ
ഇനിയവളെ  കാത്തിരിക്കുന്നതെന്തു പ്രണയമോ ദുര്‍മരണമോ.....

സെന്‍ട്രല്‍ ജയിലിലെ വാണ്‍ഡഡ് ലിസ്റ്റില്‍ തന്‍റെ ഊഴവും
കാത്തിരിക്കുന്ന ഒരു തടങ്കല്‍പുള്ളിയെ  പോലെ.....
ഇന്നേതോ വിവാഹ  ബ്യുറൊയുടെ  പരസ്യപ്പലകയിലിങ്ങനെ
വില്‍ക്കാന്‍ കെട്ടികിടക്കുന്ന കച്ചവട ചരക്കു പോലെ.....

സദാചാരത്തിന്‍റെ വക്താക്കളായി എത്തുന്നു ചെറുക്കനും കൂട്ടരും
വാക്കും നോക്കും അളന്നു, തീര്‍പ്പ് കല്‍പ്പിക്കുവാന്‍.....
അവളെ  കീറിമുറിച്ചു വിചാരണ നടത്തുവാന്‍
അളക്കാതെ തൊട്ടറിയാതെ പോയതൊരാ  ഹൃദയം മാത്രം.....

പൊന്നില്‍ കുളിച്ചു പട്ടില്‍ തിളങ്ങുന്ന മകളെ കണ്ടു
നിര്‍വൃതിയോടെ ജന്മസായൂജ്യമണയുന്നു അച്ഛനും അമ്മയും.....
നീറുന്ന നെഞ്ചകം ഒരു ചിരിപ്പുതപ്പിട്ടു മൂടി
മംഗളാരവങ്ങള്‍ക്കിടയില്‍ ഒരു ചെറു തേങ്ങലോടെ പടിയിറങ്ങുന്നവള്‍.....

പിന്നെ അവന്‍റെ കപട ആഭിജാത്യം കാത്തു  വച്ചീടാന്‍
ഭര്‍തൃ ഗൃഹത്തില്‍ ഒരു അലങ്കാര വസ്തുവായി തീരുന്നു.....
ബന്ധനത്തില്‍ തളച്ചീടാന്‍ കഴുത്തില്‍ താലി കോര്‍ത്ത ആന ചങ്ങലയും
നെറ്റിയില്‍ പതിവ്രതാ സ്റ്റാമ്പ്‌  പതിച്ച പോലൊരു  സിന്ദൂര പൊട്ടും.....


 മദ്യ ഗ്ലാസ്സുകള്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന ചീറ്സിനിടയില്‍ ആഘോഷത്തിന്‍റെ  ഇരമ്പലിനിടയില്‍ ഇരയുടെ രോദനം കേള്‍പ്പിക്കാതെ.....
ആരുമറിയാതെ  ഒടുങ്ങുന്ന സ്ത്രീ ജന്മങ്ങളുടെ കൂട്ടത്തില്‍ ഇന്നവളും
 ഇച്ഛാ ഭംഗം വന്ന നാഗകന്യയെ പോലെ പ്രതികാര ദാഹിയായി..... 

നിശയുടെ മൂന്നാം യാമത്തില്‍ നെഞ്ചും വിരിച്ചു പുലിയായി  
അവളുടെ ഉടല്‍ പ്രാപിക്കാന്‍ എത്തുന്ന  അവനറിയുന്നില്ല.....
അവന്‍  വെറും കഴുകനാണവള്‍ക്ക്, ശവം കൊത്തിവലിക്കുന്ന കഴുകന്‍
അവിടെ അവന്‍ പരാജയപ്പെടുന്നു, അവള്‍ ആദ്യമായി ജയിക്കുന്നു.....

1 comment:

  1. സമൂഹത്തിന്റെ വികലതകളിലേക്ക് മനസ്സിലുള്ള മുഴുവന്‍ രോഷവും പരത്തുന്നതായി വരികള്‍. തീക്ഷ്ണമായ വരികള്‍. അര്‍ത്ഥവത്തും.

    ReplyDelete